ഇന്ന്,ജനുവരി 19 ഞായറാഴ്ച-തൃശൂർ,സാഹിത്യ അക്കാഡമീ ഹാളിൽ,ശ്രീമതി ലീലാ എം.ചന്ദ്രന്റെ “സീയെല്ലെസ് ബുക്സിന്റെ“ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു,അവയിൽ നാലോളം പുസ്തകത്തിനു,അവതരികയോ,ആമുഖമോ,കുറിപ്പോ ഒക്കെ എഴുതിയത് ഞാൻ ആണ്. ബ്ലോഗെഴുത്തുകാരുടെ രചനകൾ പുസ്തകങ്ങളാക്കാൻ മുന്നിട്ടിറങ്ങിയ ലീലാ എം ചന്ദ്രന്റെയും, ശ്രീമൻ. എം ചന്ദ്രന്റെയും നല്ല മനസിനെ ആദരിക്കാതിരിക്ക വയ്യ ചില ശാരീരകപ്രശ്നങ്ങളാൽ എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലാ...അതിന്റെ കുറ്റബോധം മനസിൽ തളം കെട്ടി നിൽക്കുന്നു. അതു മാറ്റാനായിട്ടുമാണ് ഈ പോസ്റ്റ്,നമ്മുടെ പ്രീയപ്പെട്ട എഴുത്തുകാരിയായ ‘എച്ചുമുക്കുട്ടിയുടെ’-അമ്മീമ്മകഥകൾഎന്ന പുസ്തകത്തിനു ഞൻ എഴുതിയ അവതാരിക ഇവിടെ എടുത്തെഴുതുന്നു ...എല്ലാ ബ്ലോഗ് വായനക്കർക്കും പ്രസ്തുതപുസ്തകങ്ങൾ വാങ്ങാനും, ഒരു വായിക്കാനും പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ....
അമ്മീമ്മകഥകൾ- അവതാരിക
ആത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങൾ മനസിലാക്കുവാൻ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്. ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങൾ മനസിലാക്കുവാൻ പ്രയാസമാണ്.അതിനാൽ ജ്ഞാനമാർഗ്ഗഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാർ രണ്ട് വിധമുള്ള ഭാഷകൾ ഉപയോഗിച്ചിരിക്കുന്നൂ.
1,നിഷേധഭാഷ: വേദാന്തത്തിൽ ഈ ഭാഷ വളരെ കൂടുതലായി ഉപയോഗിച്ച് കാണുന്നു. ബ്രഹ്മസ്വരൂപം അ-ദ്വൈതമാണ്.അതിന്റെ വർണ്ണന, വിധിമുഖേനെയാകുന്ന തിനേക്കാൾ നിഷേധ മുഖേന സാധിക്കുന്നതാണ് എളുപ്പം. നിഷേധഭാഷകൊണ്ട് ‘മായ‘ യേയും വർണ്ണിക്കാൻ സാധിക്കും. ‘മായ’എങ്ങനെയുള്ളത്? എന്ന ചോദ്യത്തിനു, ‘ഇല്ല-എന്നില്ല’ എന്നേ മറുപടി പറയാൻ സാധിക്കുകയുള്ളൂ.. ‘ബ്രഹ്മം എങ്ങിനെ’? എന്ന ചോദ്യത്തിന് ‘സച്ചിദാനന്ദം‘ എന്നാണ് മറുപടി അസത്തിൽ നിന്ന് വിലക്ഷണമായ ‘സത്തു്’, ജഡത്തിൽ നിന്നും വിലക്ഷണ മായ ‘ചിത്ത്’ദുഖത്തിൽ നിന്നും വിലക്ഷണമായ ആനന്ദം ഇവ ഒത്ത് ചേരുന്നതാണ് ‘സച്ചിദാനന്ദം‘ അസത്ത്, ജഡം,ദുഖം ഇവ സകലർക്കും അനുഭവമുള്ളതാണ്. ഇങ്ങനെ അല്ലാത്തതിന്റെ പേരാണ് ബ്രഹ്മം.ഭഗവാൻ എങ്ങനെ ഉള്ളതാണെന്ന് പറയുവാൻ വിഷമമാണെങ്കിലും,എങ്ങനെ ഉള്ളതല്ലാ എന്ന് പറയുവാൻ എളുപ്പമാണ്.അങ്ങനെ , വേദാന്തത്തിൽ നിഷേധ ഭാഷ വളരെ ഉപയോഗപ്രദമാണ്. ആ ഭാഷ ശരിക്കും മനസിലാക്കുവാൻ അഭ്യാസവും പൂർണ്ണവൈരാഗ്യവും ആവശ്യമുണ്ട്..
2 , വിധിഭാഷ: മേൽപ്പറഞ്ഞ വിധമുള്ള അഭ്യാസവും വൈരാഗ്യവും ഇല്ലാത്തവർക്ക് വിധി മുഖേന മാത്രമേ ഭഗവാനെ പറ്റി മനസിലക്കുവാൻ സാധിക്കുകയുള്ളൂ..അതിനാൽ നമ്മുടെ ശാസ്ത്രകാരന്മാർ ഇതിഹാസരൂപത്തിൽ രൂപകങ്ങൾ( SYMBOLS) കൊണ്ട് ഭഗവാനെ വർണ്ണിച്ച് ,ആ ഭഗവാന്റെ സ്വരൂപം,സാധാരണക്കാർക്ക് കൂടി മനസിലാക്കി കൊടുക്കുവാൻ ശ്രമിക്കുന്നൂ… എന്താണ് ഭഗവാൻ? ഈ എളിയവന്റെ അഭിപ്രായത്തിൽ നമ്മുടെ പ്രവർത്തിയാണ് ഈശ്വരൻ…സ്വാഹം, അഹംബ്രഹ്മാസ്മി. തത്ത്വമസി.എന്നൊക്കെ പറയാം…എന്നല്ല എന്നു തന്നെ പറയണം..ഞാൻ തന്നെ ആകുന്നൂ എല്ലാം….
ഇത്രയും ഇവിടെ പറഞ്ഞുവന്നത് എച്ചുമുക്കുട്ടിയുടെ അമ്മീമ്മകഥകളിലെ കേന്ദ്ര കഥാ പാത്ര മായ അമ്മീമ്മ എന്ന റ്റീച്ചറിന്റെ മാനസ സഞ്ചാരത്തെപറ്റിയും കഥാകാരിയുടെ രചനാ രീതിയെ പറ്റിയും പറയുവാൻ വേണ്ടിയാണ്. കഥാകാരിയുടേ അമ്മയുടെ ജേഷ്ഠ സഹോദാരിയാണ് ഈ പുസ്തകത്തിലെഎല്ലാ കഥകളിലും നിറഞ്ഞു നിൽക്കുന്ന അമ്മീമ്മ(പേരമ്മ) എന്ന ഉന്നത കുലജാതയായ സ്ത്രീ. സാധാരണ മലയാളികൾ വല്ല്യമ്മ എന്നാ വിളിക്കാറുള്ളത്.
പന്ത്രണ്ട് വയസുള്ള പ്പോൾ തന്നെ തന്റേതായ കാരണങ്ങൾ ഒന്നുമില്ലതെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ..ആവർ ആത്മഹത്യ ചെയ്തില്ലാ.. അവർ ഞാൻ ആദ്യമേ സൂചിപ്പിച്ചപോലെ നിഷേധ,വിധിഭാഷയിലൂന്നിയ കർമ്മത്തിലൂടെ ഒരു സാധരണ മനുഷ്യ സ്ത്രീയായും,ചിലപ്പോൾ എല്ലാമറിയുന്ന സന്യാസിനിയായും... മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു.
ചാതുർവർണ്ണ്യത്തിലെ മുൻ തട്ടുകാരാണല്ലോ ബ്രാഹ്മണർ. (വീരാൾ പുരുഷന്റെ മുഖത്ത് നിന്നും ജനിച്ചവൻ) ബ്രഹ്മത്തെ അറിയുന്നവർ -ബ്രാഹ്മണർ എന്ന ഒരു മിഥ്യാ ചിന്ത പലപ്പോഴായി നമ്മൾക്കിടയിൽ പ്രചരിച്ച് വന്നിരുന്ന ഒരു വിശേഷണം ആണ്...ബ്രഹ്മം എന്നലെന്താണ്... ജ്ഞാനം. അതായത് പ്രകാശം, പ്രകാശം എന്നാൽ അറിവ് ...അപ്പോൾ ‘നല്ല്’ അറിവുള്ളവരെല്ലാം ബ്രാഹ്മണർ എന്ന് തന്നെ ചിന്തിക്കാം... ഈ അടുത്തകാലത്ത് കേട്ട ഒരു വാർത്ത എന്നെ വല്ലാതെ അലട്ടി.ഉടുതുണിക്ക് മറുതുണി ഇല്ലാതെയും,ശാന്തിയും,കവടി നിരത്തലുമായും,പിന്നെ ഹോട്ടലിൽ ജോലിക്ക് നിൽക്കുകയുമൊക്കെ ചെയ്യുന്ന ‘സവർണ്ണർ‘ നടത്തിയ ഒരു പ്രസ്ഥാവന എന്നെ ചിരിപ്പിക്കുകയും കൂടി ചെയ്തു.അഗ്നിഹോത്രി ഉണ്ടാക്കിയ ഒരു അമ്പലത്തിൽ ‘അന്യജാതിക്കാർക്ക് പ്രവേശനം ഇല്ല’ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നൂ. ‘അഗ്നിഹോത്രി‘ പറയിപെറ്റ പന്തിരുകുലത്തിലെ മൂത്ത സന്തതിയാണെന്നു. ആ ബോർഡ് സ്ഥാപിച്ചവർക്ക് അറിവില്ലായിരിക്കുമൊ?
അതുപോലെ തന്നെ ഗുരുവായൂരിലും ഉണ്ട് ഇത്തരം ഒരു എഴുത്തു പലക.അവിടെ ദിനം തോറും എത്രമാത്രം ആഹിന്തുക്കളും അന്യജാതിമതക്കാരും കയറി ഇറങ്ങുന്നതെനിക്കറിയാം. ഗുരുവായൂരപ്പൻ ഇതുവരേക്കും അവിടെ നിന്നും എണീറ്റ് ഓടിയതായി എനിക്കറിയില്ലാ..എന്നാൽ ലോകം കണ്ട ഏറ്റവും വലിയ ഗായകനായ യേശുദാസിനു അമ്പലത്തിൽ കയറാൻ കഠിനമായ വിലക്ക്...അദ്ദേഹം ക്രിസ്തു മതവിശ്വാസിയായ അച്ഛന്റേയും അമ്മയുടേയും വയറ്റിൽ പിറന്നു പോയത് ഒരു മഹാപാപമാണോ.അദ്ദേഹം ഹിന്ദുദൈവങ്ങളെക്കുറിച്ച് പാടിയതിന്റെയത്ര പാട്ടുകൾ ഏതെങ്കിലും ‘ബ്രാഹ്മണർ’ പാടിയിട്ടുണ്ടോ.? ഇതിനേക്കാൾ തീവ്രമായിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നവ്യക്തിയാണീ അമ്മീമ്മകഥകളിലെ പേരമ്മ
കഥാകാരിയുടെവാക്കുകൾകടമെടുത്താൽ‘മുപ്പതുവയസ്സു തികഞ്ഞതിനുശേഷം നിരാഹാരമുള്‍പ്പടെയുള്ള സമരം ചെയ്ത് അക്ഷരം പഠിയ്ക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു.. പിന്നീട് കുറച്ച് നാളുകള്‍ക്കു ശേഷം അപ്പാ അവർക്കായി ഒരു വീട് വാങ്ങിക്കൊടുക്കുവാൻ തീരുമാനിച്ചു. എങ്കിലും ഒരു വ്യവസ്ഥ കൂടി ആധാരത്തിലെഴുതണമെന്ന് ശഠിയ്ക്കുവാൻ അദ്ദേഹംമറന്നില്ല. വീടുംപറമ്പുംഅമ്മീമ്മയുടെമരണശേഷംസഹോദരന്റെ മകന്. വീടിന്റെയും പറമ്പിന്റേയും ഒരു സൂക്ഷിപ്പുകാരി മാത്രമായിരിയ്ക്കുംഅവർ എന്നർത്ഥം.
അമ്മീമ്മയുടെ അനിയത്തി കഥാകാരിയുടെ അല്ലെങ്കിൽ പ്രസ്തുത കഥകളിലെ പ്രതിനിധി യുടെ അമ്മ, അന്യജാതിയിൽ പെട്ട ഒരാളെയാണ് വിവാഹം കഴിച്ചത്. “ഒരു ഭഗവത് ഗീതയും രണ്ട് ചിരട്ടകയിലുകളും“ എന്ന കഥയിൽ അച്ഛൻ ഒരു മര ആശാരിയായിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.അത് ആ കഥയിൽ ഒന്നുമറിയാത്തപ്രായത്തിൽ കഥാകാരിയുടെയും അനിയത്തിയുടേയും മനസിൽ വിതച്ച ദുഖങ്ങളുടെ വല്ലാത്ത ഒരു ഭാവതലം നമുക്ക് വായിച്ചെടുക്കാനാകും
ആ വിവാഹത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സഹോദരന്മാർ അമ്മീമ്മയുടെ തലയിൽ കെട്ടിവച്ചു. അപ്പോൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ഒരു ഗ്രാമത്തിലെ മുഴുവന്‍ ബ്രാഹ്മണ്യത്തിന്റെയും അഭിമാന പ്രശ്നമായി മാറി. ഒരു ചെറിയ വീട് വാങ്ങി ഏകാകിനിയായ മകൾക്ക് മാത്രമായി നൽകിയ അപ്പാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യാനുള്ള അവസരവും ആണ്മക്കൾക്കങ്ങനെ എളുപ്പത്തില്‍ തുറന്നു കിട്ടി. അനര്‍ഹമായ സ്വത്ത് നേടിയ അമ്മീമ്മയ്ക്കും ബ്രാഹ്മണ്യത്തിനു തീരാത്ത മാനക്കേടുണ്ടാക്കിയ അനിയത്തിയ്ക്കും എതിരെയാണു കേസ് നടന്നത്.
പത്താം ക്ലാസും,റ്റി.റ്റി.സിയും മാത്രം പഠിച്ച ഒരു സ്ത്രീ.വലിയ ലോക പരിചയം ഒന്നുമില്ലാത്തവർ. കഷ്ടിച്ച് നൂറ്റമ്പത് രൂപ ശമ്പളം പറ്റിയിരുന്നവള്‍. അതുവരെ ജീവിച്ചു പോന്ന അപ്പാവിന്‍റെ എട്ടുകെട്ട് മഠത്തില്‍ നിന്ന് ഒരു ദിവസം രാവിലെ ഉടുത്ത സാരിയോടെ പടിയിറക്കി വിടപ്പെട്ടവള്‍. ഒരു ഗ്രാമം ഒന്നടങ്കം വാടക വീടു നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചവള്‍. അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്ക് ശേഷം വാടകയ്ക്ക് ലഭിച്ച, ഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ മനസ്സുറപ്പോടെ ഒറ്റയ്ക്ക് പാര്‍ത്തവള്‍.ആ കേസിൽ അവർ വിജയിച്ചു.തന്റെ ജാതിയിൽ പെട്ടവരെ മുഴുവനും അമ്പരപ്പിച്ചു കൊണ്ട്... “ധനം സ്വത്ത് സമ്പാദ്യം” എന്ന കഥയിലാണ് കഥാകാരി തന്റെ കുടുംബത്തെ കുറിച്ച് ഇത്രയെങ്കിലും പറയുന്നത്.
സി.രാധാകൃഷ്ണൻ എന്ന മഹാനായ എഴുത്തുകാരന്റെ ഒൻപത് നോവലുകളിൽ’അപ്പു’ എന്നൊരു കഥാപാത്രം വരുന്നുണ്ട്.അപ്പു എന്നത് കഥാകാരൻ തന്നെയാണ്..”ഇവിടെ എല്ലപേർക്കും സുഖം തന്നെ” എന്ന നോവലിലാകട്ടെ.അപ്പു എന്നപേരല്ലാതെ, ബന്ധുക്കൾ ക്കാർക്കും തന്നെ നോവലിസ്റ്റ് പേരുകൾ നൽകിയിട്ടില്ലാ. അപ്പുവിന്റെ അമ്മ,അപ്പുവിന്റെ അച്ഛൻ..തുടങ്ങിയ പകരനാമങ്ങളാണ് നൽകിയിരിക്കുന്നത്.. (പ്രസ്തുത നോവൽ കൈരളി ചാനലിൽ സീരിയൽ ആക്കിയപ്പോൾ അതിന്റെ തിരക്കഥയും, സംഭാഷണവും എഴുതിയത് ഈയുള്ളവനാണ്..അന്ന് പേരുകൾ പുതിയതായി കണ്ട് പിടിക്കാൻ ഞാൻ കുറച്ച് ബുദ്ധിമുട്ടുകയും ചെയ്തതത് ഇത്തരുണത്തിൽ അറിയാതെ ഓർമിച്ചു പോയി ) ഇവിടെ എച്ചുമുക്കുട്ടിയും ആ വഴിക്കാണ് നീങ്ങുന്നത്.കഥകൾക്കിടയിൽ വന്നു പോകുന്ന ചില കഥാപാത്രങ്ങളെ ഒഴിച്ചാൽ മറ്റാരുടെയും പേരുകൾ ഇവിടെ ഉപയോഗിക്കുന്നില്ലാ.നാക്ക് തിരുന്താത്ത സമയത്ത്.പേരമ്മക്ക് പകരമായി വിളിച്ച അമ്മീമ്മയേയും ആ പേരിൽ തന്നെ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. ആ അമ്മീമ്മയോടൊപ്പം താമസിച്ച കഥാകാരിയുടെ സ്വഭാവത്തിന്റെ ഗുണങ്ങൾ അവരുടെ ചിന്തകളിലും എഴുത്തിലും നന്നായി പ്രതിഫലിക്കുന്നു. തന്റെ ഈറ്റില്ലത്തെകുറിച്ചും.കുട്ടിക്കാലങ്ങളിൽ താൻ അനുഭവിച്ച ദുരവസ്ഥയെക്കുറിച്ചും കഥാകാരി വചാലമാകുന്നത് നമുക്കും നൊമ്പരമുണർത്തുന്നൂ..കഥാകാരിയുടെ വാക്കുകൾ...
“വേരുകളെ കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്‍റെ തറവാട് ,എന്‍റെ അമ്മ വീട്, എന്റെ അച്ഛന്‍ വീട്, എന്റെ ബന്ധു വീടുകള്‍ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ല. എന്തിന് എല്ലാവരും എന്‍റെ ജാതി എന്ന് പറയുന്നതു പോലെ... ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ എന്നോ അല്ലെങ്കില്‍ ഞാന്‍ ഒരു ചോവനാണെന്നോ അതുമല്ലെങ്കില്‍ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാന്‍ എനിക്ക് കഴിയില്ല.അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല.എല്ലാ ജാതികളിലും മതങ്ങളിലും ഉള്ളിന്‍റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന ‘എന്‍റേതിന്‍റെ മേന്മയും ‘ ‘ ഇതാ നോക്കു, ഇതാണ് എന്‍റേത് ‘എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദാഭിമാനവും ‘ നമ്മടെ കൂട്ടത്തിലെയാ ‘ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.
വേരുകളെപ്പറ്റി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നത് അമ്മീമ്മയാണ്. തഞ്ചാവൂരിനടുത്ത് ശുദ്ധമല്ലി എന്നൊരു ഗ്രാമമുണ്ടെന്നും അവിടത്തെ അഗ്രഹാരത്തില്‍ നിന്നും പുറപ്പെട്ടു പോന്ന അനന്തരാമയ്യര്‍, കൃഷ്ണയ്യര്‍, രാമയ്യര്, നാരായണയ്യര്‍ എന്നീ നാലു സഹോദരങ്ങളില്‍ അനന്തരാമയ്യരുടെ സന്തതീപരമ്പരയാണ് അമ്മീമ്മയുടേതെന്നും അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത് . ആയിരത്തി എഴുന്നൂറുകളിലായിരുന്നു ഔപമന്യഭ ഗോത്രത്തില്‍ പെട്ട ശൈവഭക്തരായ ഈ സഹോദരന്മാര്‍ കേരളത്തിലെത്തിയത്. വൈഷ്ണവരുടെ പീഡനവും തഞ്ചാവൂര്‍ രാജാവിന്‍റെ ഖജനാവിനുണ്ടായ ദാരിദ്ര്യവുമായിരുന്നുവത്രെ ആ പലായനത്തിനു കാരണം.“
ബ്ലോഗിലെ രചനകളിലൂടെയാണ് ഞാൻ എച്ചുമുക്കുട്ടിയെ അറിയുന്നത്..പുതിയ തലമുറയിലെ എഴുത്തുകാരിൽ ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള മറ്റൊരു വ്യക്തി ഇല്ലാ എന്നുള്ളത് എന്റെ മാത്രം ചിന്തയല്ലാ. കണ്ടറിവും കേട്ടറിവും,കൊണ്ടറിവും ആണ് ഒരു എഴുത്തുകാരന്റെ, എഴുത്തുകാരിയുടെ മൂലധനം അത് വളരെ എറെ ഉള്ള ഒരു എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി. ഇവിടെ ഓരോ കഥകളെക്കുറിച്ചും ഞാൻ വേറെ വേറെയായിട്ടു ഇഴകീറി അവലോകനം ചെയ്യാൻ ശ്രമിച്ചിട്ടില്ലാ.അതിനൊരു കാരണം കൂടിയുണ്ട്.ഒരു മുൻ ധാരണയോടെ വായനക്കാർ കഥ വായിച്ച് തുടങ്ങണ്ടാ..മാത്രവുമല്ലാ..എന്റെ കാഴ്ചപ്പാടായിരിക്കില്ല,വായനക്കാരുടെ കാഴ്ചപ്പാട്.
എങ്കിലും ഇതിലുള്ള രണ്ട് കഥകളെപ്പറ്റി ഇവിടെ അവലോകനം ചെയ്യാതെ പോകുന്നത് ശരിയല്ലാ എന്ന് എനിക്ക് തോന്നുന്നു.ഒന്ന് ‘തെണ്ടി മയിസ്രേട്ട്‘ മറ്റൊന്ന് ‘ഒരു ജീവചരിത്രം‘
ഇതിൽ ആദ്യത്തെ കഥ വായിച്ചപ്പോൾ തന്നെ എന്റെ മുന്നിൽ മറ്റൊരു കഥാപാത്രം തെളിഞ്ഞു വന്നു.എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ‘തെണ്ടിമജിസ്രേട്ട്’.പലനാടുകളും ഉണ്ടാവാം ഇത്തരക്കാർ.. കാട്ടാലുകൾ നിറഞ്ഞഒരു പ്രദേശമായിരുന്നു എന്റെ നാട് കാട്ടാലുകളും,നാട്ടിൻപുറത്തിന്റെനന്മയും മുറിച്ചെറിയപ്പെട്ടപ്പോൾ…പിന്നെ അത് കാട്ടാക്കട എന്ന് ലോപിച്ചു.എങ്കിലും തിരക്കൊട്ടുമില്ലാ നാൽക്കവലയിലെ പ്രഭാതത്തിൽ ,പേരിനുസ്മാരകം എന്ന പോലെ ഒരു കാട്ടാൽ നിൽപ്പുണ്ടായിരുന്നു.അതിന്റെ ചോട്ടിൽ താടി വളർത്തിയ ഒരളും പിന്നെ നമ്മുടെ തെണ്ടിമനിസ്രേട്ട് എന്നസ്ത്രീയും ഇരിപ്പു ണ്ടായിരുന്നു.താടി വളർത്തിയ ആൾ മറ്റാരുമല്ലായിരുന്നു.സാക്ഷാൽ ജോൺ എബ്രഹാം എന്ന കഥാകാരനായ സിനിമാ ക്കാരനായിരുന്നു.ഞങ്ങൾ ചെറുപ്പക്കാർ അന്നൊരു ഫിലിം സൊസൈറ്റി കാട്ടാക്കടയിൽ രൂപീകരിച്ചിരുന്നു.അതിന്റെ ഒരു മീറ്റിംഗിൽപങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരുന്നത്.ഞങ്ങൾ നാലഞ്ചുപേർ ജോണിന്റെ അടുത്തെത്തിയത് കണ്ട് ലീല എന്ന തെണ്ടി മജിസ്രേട്ട്എണീറ്റു.’ഹോ.ജന്മിമാരെത്തിയല്ലോ..ഇനി ഞാൻ പോട്ടെ’ എന്ന് പറഞ്ഞ് ആ സ്ത്രീ നടന്നൂ.ജോൺ എബ്രഹാം എന്ന കലാകാരൻഎന്നോട് പറഞ്ഞു “ആ പോയ സ്ത്രീ “ ഭ്രാന്തി അല്ല..അവർ വ്യാസനാണ്, വാത്മീകിയാണ്, വിവേകാനന്ദനാണ്… മറ്റാരൊക്കെയോ ആണ്…പക്ഷെ ……”
അതെ ആ പക്ഷേയുടെ മറ്റൊരു പതിപ്പാണ് എച്ചുമുക്കുട്ടിയുടെ തെണ്ടിമയിസ്രേട്ട് എന്ന കഥയിലെ ജാനകി.ജാനകി എന്നപേർ അമ്മീമ്മ മാത്രമേവിളിച്ചിരുന്നൊള്ളൂ..ബാക്കി എല്ലാപേർക്കും അവർ ‘തെണ്ടിമയിസ്രേട്ട്‘ തന്നെ ആയിരുന്നു.
തിരുവിതാംകൂറിലെ രാജാക്കന്മാർ പണ്ടൊക്കെ ഒരോ ഭാഗത്തേക്കും നായാട്ടിനായും,കർമ്മ നിർവഹണത്തിനുമായി പോകുമായിരുന്നു. പോകുന്നദിക്കിൽ ഏതെങ്കിലും നായർ ഭവനത്തിൽ അന്തിയുറങ്ങും. ആ വീട്ടിലെ എതെങ്കിലും കന്യകമാർ ആയിരിക്കും അന്ന് രാജാവിനെസൽക്കരിക്കുക.അന്നത്തെ രാവിന്റെ സുഖത്തിനും,സംതൃപ്തിക്കുമായി ,ആ കുട്ടിക്ക് കരമൊഴിവായി ഭൂമിയും,വയലേലകളും നൽകപ്പെടും.ആ വീട്ട്കാരെ പിന്നെ അമ്മച്ചിവീട്ടുകാർ എന്നാണ് അറിയപ്പെടുന്നത്.അത്തരം വീടുകൾ ഇന്നും എന്റെ നാട്ടിലുണ്ട്.‘രാജാനോ ബഹു വല്ലഭ’ ...........
അതുപോലെ നമ്പൂരിമാർക്കും ഇത്തരം വേലകളുണ്ടായിരുന്നു.മുൻ കൂട്ടി അറിയിച്ചിട്ടു തന്നെ ഇവർ നായന്മാരുടെ വീടുകളിൽ അന്തി ഉറക്കത്തിനു പോകും.നമ്പൂതിരി തൊട്ട പെണ്ണിനെ വേൾക്കാൻ മത്സരിക്കുന്ന നാണം കെട്ട നായന്മാർ ഒരുപാടുണ്ടായിരുന്നു അന്ന് കേരളത്തിൽ.അത്തരത്തിൽ നമ്പൂതിരി തൊട്ട പെണ്ണായിരുന്നു.ഞങ്ങളുടെ നാട്ടിലെ തെണ്ടിമജിസ്രേട്ടായ ലീല.
വേലത്തിക്കടവിന്റെ പൊന്തയ്ക്കരികിൽ തെങ്ങ് കേറുന്ന കുമാരൻ ഒളിച്ചിരുന്നപ്പോൾ….കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോൾ….അറബി നാട്ടിൽ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോൾ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയുംചുവന്നബൈക്കുമുള്ളനസീറുമായിചില്ലറചുറ്റിക്കളികൾതുടങ്ങിയപ്പോൾ… അമ്പലത്തിലെ ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോൾ…….
എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന മജിസ്രേട്ടായിരുന്നു ജാനകി.തെണ്ടി മജിസ്രേട്ട്, തെണ്ടിയായതിന്റെ പിന്നിലെ കാരണം പറയുമ്പോൾ കഥാകാരിയുടെ രോഷം സീമാതീതമാകുന്നത് നാം കാണുന്നു. ഇവിടെ കഥാകാരിയുടെ സാമൂഹിക പ്രതിബദ്ധതയും,ഒരുകാലത്തുണ്ടായിരുന്ന സവണ്ണ മേധാവിത്തത്തെ മുച്ചൂടും എതിർക്കുന്ന ഒരു വിപ്ലവകാരിയുടെ സ്വരവിന്യാസം നമ്മളെ ചിന്താകുലരാക്കുകയും ചെയ്യുന്നു. തെണ്ടി നടക്കുന്ന ജാനകിയുടെ രോഷം അഗ്നിയായി പടരുമ്പോൾ..........
പെണ്ണ്ങ്ങൾക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ല. വെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാൽ മനസ്സിലാവണം.ഒരുമേങ്കിലും വേണം, പെണ്ണങ്ങള്ക്ക്. ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കി…. അല്ലാണ്ട് ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്? പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത്എങ്ങനെയാ മറ്ക്കാ.. ഞാൻ പെറ്റ തള്ളയല്ലേ? കല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേൽക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്.കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞു. ന്ന്ട്ട് ചാടിച്ചത്തൂന്നാക്കി. ടീച്ചറ്ക്ക് അറിയോ? എല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്…അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടേ.. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ? അവര്‍ക്കെന്താ? ആകേം പോകേം… തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് …. അത്രേന്നേള്ളൂ. അപ്പോ ദിവാരൻ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……. പട്ടമ്മാരോട് പൊറ്ക്കാം,അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാം. പോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളർത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാം. ആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാം. വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ……മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്ണോം മാത്രള്ള ചെല കാളോൾക്ക്.“
ജാനകിയുടെ മകളെ പെഴപ്പിച്ച ആളിനെ കഥാകാരി തിരയുന്നുണ്ടായിരുന്നു.ആരെന്ന് ആരും പറഞ്ഞ് കേട്ടില്ല.കൊലപാതകങ്ങൾ അപകടമരണങ്ങളായി.. അപായപ്പെടുത്തിയ പെൺകുരുന്നുകളുടെ,അവരുടെ അമ്മമാരുടെ ശാപങ്ങൾ കുലം മുടിച്ചു.
മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്…ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ. ഒക്കെ കഥാകാരി ചിന്തയിൽ നിന്നും പുറത്തെടുക്കുമ്പോൾ,ഒരു പക്ഷേ നമുക്ക് തോന്നാം പുരുഷവിദ്വേഷത്തിന്റേ വഴികളിലൂടെ യാണോ സഞ്ചരിക്കുന്നതെന്ന്.... ആ വാദമുഖത്തെ ഞാൻ ഖന്ധിക്കുന്നത് മറ്റു കഥകളിലൂടെ കഥാകാരിയുടെ മനസിനെ നോക്കി കാണുമ്പോഴാണ്....
തെണ്ടിമജിസ്രേട്ടെന്ന കഥ പറഞ്ഞവസാനിപ്പുക്കുന്നതിങ്ങനെയാണ്... യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂർത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോൾ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുൻപിൽ ചക്രവാളത്തോളം വലുപ്പമാർന്നു നിൽക്കുന്നു. വിശ്വരൂപം ദൈവങ്ങൾക്കു മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?.........
ഇവിടെ ഒരു പെണ്ണിന്റെ ദു:ഖം നമ്മെ വല്ലായ്മയുടെ കയത്തിൽ കൊണ്ട് ചെന്നെത്തിക്കുമ്പോൾ, ‘ഒരു ജീവചരിത്രം‘ ആണിന്റെ കഥയായി നമ്മെ മഥിക്കുന്നൂ..ആണും പെണ്ണും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജാനകിയമ്മ ഒരു വശത്ത് ,ഗോവിന്നൻ മറു വശത്ത്.
മുപ്പതും നാൽപ്പതും നിലകളുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവർ മറക്കുവാനിടയുള്ള ഗ്രാമത്തിന്റെ പച്ചപ്പിലെ പച്ചയായ ഒരു കൃഷിക്കാരനാണ് ഗോവിന്ദൻ.ഗോവിന്ദൻ,നാട്ടുകാർക്ക് ഗോവിന്നൻ ആണ്. ഗോവിന്നൻ ജീവിതത്തിൽ ആദ്യമായി ഒരു ഷർട്ട് ധരിച്ചത് അമ്മയുടെ കണ്ണ് കാണിക്കാൻ ആശുപത്രിയിൽ പോയ ദിവസമാണ്.കൃത്യമായി ജോലി ചെയ്യുകയും,അതേ കൃത്യതയൊടെ കണക്ക് പറഞ്ഞ് കാശുവാങ്ങുകയും ചെയ്യുന്ന ഗോവിന്ദൻ. ഗ്രാമത്തിന്റെ തിന്മകളിൽ ഗോവിന്ദനും അകപ്പെട്ടു.അമ്മയെ ജീവനു തുല്ല്യം സ്നേഹിച്ച അയ്യാൾ ഒരു ദിവസം പെണ്ണ് കെട്ടി..അമ്മായിപ്പോരിൽ അവൾ വീട് വിട്ടു.പിന്നെ അമ്മയും തന്നെ വിട്ട് പോയപ്പോൾ...അവനുജീവിതം ദുസഹമായി... അവൻ അവസാനം ആത്മഹത്യ ചെയ്യുന്നു.നമ്മൾ പലപ്പോഴായി കേട്ട ഒരു കഥ.പക്ഷേ ആഖ്യാന പാഠവവും,ഗ്രാമാന്തരീക്ഷവും നമ്മൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാകുന്നു.മാത്രവുമല്ലാ എച്ചുമുക്കുട്ടിയുടെ പല കഥകളും പുരുഷവിദ്വേഷത്തിന്റെ തീക്കാറ്റ് വീശീയടിക്കുന്നത് കാണാം.അതു ചിലപ്പോൾ വായനക്കാർക്ക് ,ഈ കഥാകാരി ഒരു പുരുഷവിദ്വേഷിയാണെന്ന ചിന്തയും ഉടലെടുക്കാൻ സാധ്യതയുണ്ട്.അതല്ലാ എന്നെ ചിന്തക്ക് അടിവരയിടാനാണ് ഈ രണ്ട് കഥകളും ഇവിടെ പ്രത്യേകം പരാമർശിക്കപ്പെട്ടത്..
കലാസ്വാദനത്തിലെ ഏറ്റവും പ്രാധമികമായ വികാരം,കനക്കെ പോഷിപ്പിക്കപ്പെടുന്ന ആഖ്യാന രീതിയാണിവിടെ അനുസന്ധാനം ചെയ്യുന്നത്.എന്നാൽ ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ വായനക്കാരൻ അറീയാതെ ഒരു മൂന്നാം കണ്ണ് അവയ്ക്കിടയിലൂടെ വായിച്ച് പോകുന്നുണ്ട്.അതൊരു രണ്ടാം വായനയാണ്.ആദ്യ വായനയോടൊപ്പം നടക്കുന്ന രണ്ടാം വായന.അതുകൊണ്ട് തന്നെ ആദ്യവായനയിൽ കാണത്തപലതും ഈ മൂന്നാം കണ്ണ് ദർശിക്കുന്നു.ആദ്യവായനയിൽ കണ്ടതിനെ പുതുക്രമത്തിൽ വിന്യസിച്ച് അർത്ഥം മാറ്റുകയും ചെയ്യുന്നു.കഥപറച്ചിലിനുമപ്പുറം ഈ കഥകളെ മറ്റൊരു മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നത് ഈ നവ്യസാർത്ഥകതയാണ്.അത് കഥയിൽ നിന്നും വേറിട്ട് നിൽക്കുന്നില്ലാ..ഇവി ടെ എച്ചുമുക്കുട്ടിയുടെ കഥകൾ ഒന്നും സമർത്ഥിക്കുന്നില്ലാ.കഥകളുടെ രീതിയും അതല്ലാ. സംഭവങ്ങളെ നോക്കി കാണുന്ന ഒരു സവിശേഷസമ്പ്രദായമാണ് അത്. ആ സവിശേഷസമ്പ്രദായമാകട്ടെ രൂപപ്പെടുന്നത് കഥാകാരി എങ്ങനെ ജീവിതത്തെ നോക്കി കാണുന്നൂ എന്നതിന്റെ അടിസ്ഥാനത്തിലാണ്താനും.
ഇവിടെ ഓരോ കഥകളും കഥാകാരിയുടെ ജീവിതബോധത്തിന്റെ ബിംബമാണ് സൃഷ്ടിക്കുന്നതെന്നുകാണാൻ പ്രയാസമില്ലാ. ഒരൊറ്റകൃതി ഈ എഴുത്തുകാരിയുടെ ജീവിത ബോധത്തിന്റെ സമഗ്രതയെ പ്രതിബിംബിച്ച് കൊള്ളണമെന്നില്ലാ.ഇനിയും പുറത്തിറങ്ങേണ്ട(ബ്ലോഗുകളിൽ ഈ എഴുത്തുകാരിയുടെ മറ്റ് കഥകളും അനുഭവങ്ങളും വായിച്ചിട്ടുള്ള ഒരാളെന്ന നിലയിലാണ് ഞാനിതിവിടെ പറയുന്നത്)ഓരോ കൃതിയിലൂടെയും അത് വെളിപ്പെട്ട് പൂർണ്ണതയിലേക്ക് നീങ്ങുകയാണ്ചെയ്യേണ്ടത്.അല്ലെങ്കിൽ ചെയ്യുന്നത്.അങ്ങനെ ഒരു എഴുത്തുകാരന്റെ,(എഴുത്തുകാരിയുടെ) കൃതി എല്ലാം കൂടി ചേർന്ന് ഒരു ജൈവസമഗ്രമാകുന്നു.ഒരു മുഖ്യ ഘടനയാകുന്നു.ഒരു പ്രപഞ്ചമാകുന്നു. അതിലെ ഓരോ കൃതിക്കും തനത് ജീവിതവും,മൂല്യവ്യവസ്ഥയും.അസ്ഥിത്വവും ഇഴചേർന്ന് നിൽക്കും.
ജീവിതബോധത്തെ കൃതിയിലേക്ക് പ്രക്ഷേപിക്കുകയല്ല എഴുത്തുകാരൻ ചെയ്യുന്നത്. അസ്തിത്വവാദത്തിന്റെ വിചാര ശൈലി ഉപയോഗിച്ച് പറഞ്ഞാൽ,സാഹിത്യസൃഷ്ടി എഴുത്തുകാരന്റെ കർമ്മമാണ്...പൂർവ്വ നിർണ്ണീതമായ ഒരാശയലോകത്തെ കഥകളിൽ വിദഗ്ധമായി നിക്ഷേപിക്കുകയല്ലാ,കഥാരചന എന്ന കർമ്മത്തിലൂടെ ആ ആശയലോകവും തന്റെ സത്തയും സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.എഴുത്ത് സ്വയം സൃഷ്ടിക്കലാകുന്നത് അങ്ങനെയാണ്.

ഞാൻ തുറന്ന് പറയട്ടെ, സൃഷ്ടിയുടെ ഈ സ്വഭാവത്തെക്കുറിച്ച് ഓർക്കാൻ നിർബന്ധിക്കുന്നതാണ് എച്ചുമുക്കുട്ടിയുടെ കഥകൾ.ഗിമിക്കുകളുടെ പുറകെ കഥാകാരി പോകുന്നില്ലാ. ആദ്യവരികളിൽ ആവേശത്തിന്റെ തിര ഇളക്കുന്നില്ലാ.അനുവചകരെ തന്റെ കൂടടെ നിർത്തി,സസ്പെൻസ് കളിക്കുന്നതിലും.ഇക്കാലതെകഥ്കളിൽ കാണുന്ന പോലെകഥാന്ത്യത്തിലേ ട്വിസ്റ്റോ, പൊട്ടിത്തെറിക്കുന്ന ക്ലൈമാക്സോ ഒന്നും ഇവിടെ കഥാകാരി ഉപയോഗിക്കുന്നില്ലാ...എന്നാൽ..നമ്മൾ ഒരോകഥയും അവേശത്തോടെ വായിച്ചു നീങ്ങുന്നത് അതിലെ ജീവിതഗന്ധി ആയ ആവിഷ്കാരം കൊണ്ട് തന്നെയാണ്.
ഈ കഥകൾ പുസ്തകരൂപത്തിലാക്കുന്നതിനു മുന്നിട്ടിറങ്ങിയ സീയെല്ലെസ് ബുക്സിന്റെ പ്രസാധകരായ,ശ്രീമതി ലീലാ.എം.ചന്ദ്രനും.ശ്രീമെൻ.ചന്ദ്രൻ അവർകൾക്കും നല്ലൊരു നന്ദി പറയാതെ വയ്യ.
കാരണം, നാളെയുടെ വാഗ്ദാനമാണ് എച്ചുമുക്കുട്ടീ എന്ന എഴുത്തുകാരി.ആ തൂലികയിൽ ഒളിഞ്ഞിരിക്കുന്ന പടവാളിന്റെ തിളക്കം നമുക്ക് കാണാൻ സാധിക്കുന്നു.അനുഭവങ്ങൾ രചനകൾക്ക് ഇലത്താളമാകുന്നു.വാക്കുകളിൽ തിമിലയുടെ മുഴക്കം കേൽക്കുന്നു.ഇട്യ്ക്കയുടെ സാന്ദ്രലയം വരികളിൽ ലാസ്യമാകുന്നു.
ചന്തു നായർ,
ശ്രീവിജയ,മംഗലയ്കൽ
കാട്ടാക്കട,തിരുവനന്തപുരം